ചന്ദ്രാപുർ: ശിവസേന ഉദ്ധവ് പക്ഷത്തിന്റെ പിന്തുണയോടെ മഹാരാഷ്ട്രയിലെ ചന്ദ്രാപുർ മേയർസ്ഥാനം ബിജെപി നേടി. സംഗീത ഖണ്ഡേക്കറാണ് വിജയിച്ചത്.
ശിവസേന (ഉദ്ധവ്) അംഗം പ്രശാന്ത് ദാനാവ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപിയുടെ വിജയം. ബിജെപി സ്ഥാനാർഥി 32ഉം കോൺഗ്രസ് സ്ഥാനാർഥി 31ഉം വോട്ട് നേടി.
വലിയ ഒറ്റക്കക്ഷിയായിട്ടും മേയർ തെരഞ്ഞെടുപ്പിൽ തോറ്റതു കോൺഗ്രസിന് കനത്ത തിരിച്ചടിയായി.
കുതിരക്കച്ചവടം നടന്നെന്ന് കോൺഗ്രസ് ആരോപിച്ചു. ശിവസേന (ഉദ്ധവ്), എഐഎംഐഎം, വഞ്ചിത് ബഹുജൻ അഗാഡി എന്നീ പാർട്ടികളെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷ്വർധൻ സപ്കൽ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് ചന്ദ്രാപുർ. ലോക്സഭയിലേക്ക് ഇവിടെ വിജയിച്ചതു കോൺഗ്രസാണ്.
66 അംഗ കൗൺസിലിൽ കോൺഗ്രസിന് 27 അംഗങ്ങളുണ്ട്. ബിജെപിക്ക് 23 പേരാണുള്ളത്. ശിവസേന (ഉദ്ധവ്)-6. ഭാരതീയ ഷേത്കാരി കാംകാർ പക്ഷ( ജൻവികാസ് സേന)-3, വിബിഎ-2 എഐഎംഐഎം-1, ബിഎസ്പി-1, ശിവസേന (ഷിൻഡെ)-1 , സ്വതന്ത്രർ-2 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില.
ശിവസേനയും (ഉദ്ധവ്) എഐഎംഐഎമ്മും ബിജെപിക്കു പിന്തുണ നല്കി. കോൺഗ്രസിന്റെ സഖ്യകക്ഷിയായ വിബിഎ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.